𝗦𝗧𝗢𝗥𝗜𝗘𝗦 𝗧𝗛𝗔𝗧 𝗪𝗜𝗟𝗟 𝗜𝗡𝗦𝗣𝗜𝗥𝗘 𝗬𝗢𝗨

RJ Hunt കളിൽ തോറ്റ്‌ തോറ്റ്‌, ഇന്ന് Most Influential RJ!

ഏറെ കാലം പിന്നാലെ നടന്ന് തന്റെ ആഗ്രഹം നേടിയെടുത്ത 'ആൽക്കെമിസ്റ്റി'ന്റെ കഥയ്ക്ക് സമാനമാണ് മുസാഫിറെന്ന റേഡിയോ അവതാരകന്റേതും

കണ്ണൂർ ജില്ലയിലെ മാട്ടൂലിൽ എസ്.എം.എ ബാധിച്ച കുഞ്ഞിനായി 18 കോടിയുമായി മനുഷ്യർ ഒന്ന് ചേർന്നത് ഓർമ്മയില്ലേ, ആ ചേർത്ത് നിർത്തലിന് കാരണക്കാരനായ ഒരാളുണ്ട്, ആർ ജെ മുസാഫിർ. Most Influential RJ അവാർഡിനടക്കം അർഹനായ, കേരളത്തിലെ പ്രധാന റേഡിയോ അവതാരകരിൽ ഒരാളാണ് RJ Musafir. ഏറെ കാലം പിന്നാലെ നടന്ന് തന്റെ ആഗ്രഹം നേടിയെടുത്ത ‘ആൽക്കെമിസ്റ്റി’ന്റെ കഥയ്ക്ക് സമാനമാണ് മുസാഫിറെന്ന റേഡിയോ അവതാരകന്റേതും.

സ്കൂൾ കാലത്ത് മനസ്സിൽ കയറിക്കൂടിയ റേഡിയോ സ്വപ്നം. പരാജയങ്ങളിൽ പതറാതെ,‌ പരിശ്രമങ്ങളിൽ തളരാതെ, വീണ്ടും വീണ്ടും പിന്നാലെ നടന്ന് വിജയം നേടിയ കഥയാണ് മുസാഫിറിനും പറയാനുള്ളത്.

നാട്ടിൽ ആ കാലത്ത് പ്രൈവറ്റ് എഫ്എമ്മുകൾ പ്രവർത്തനം ആരംഭിച്ചിരുന്നില്ല. എന്നാൽ, ഗൾഫ്‌ റേഡിയോകൾ കേട്ട്‌ പ്രജോദിതനായ മുസാഫിർ, ഭാവിയിൽ ആയിത്തീരേണ്ട പ്രൊഫഷനു വേണ്ടി അന്നേ പരിശ്രമം തുടങ്ങിയിരുന്നു.

ആർജെ ആവാനുള്ള ആഗ്രഹത്തിൽ ചെറുപ്പം മുതൽ പത്രം ഉച്ചത്തിൽ വായിക്കും. സുന്ദരമായ ശബ്ദത്തിനായി ഇരട്ടി മധുരമെന്ന മരുന്ന് എപ്പോഴും പോക്കറ്റിൽ കരുതും.

മുസാഫിറിന്റെ ഡിഗ്രി കാലത്തായിരുന്നു കേരളത്തിൽ പ്രൈവറ്റ് എഫ് എമ്മുകൾ ആരംഭിച്ചത്. തുടക്കം മുതൽ എല്ലാ ആർജെ ഹണ്ടിലും പങ്കെടുക്കും. എന്നാൽ എല്ലാ ഇടത്തും ആദ്യ റൗണ്ടിൽ തന്നെ പുറത്താകും.

പഠനം കഴിഞ്ഞ്‌ ദുബായിൽ സെയിൽസ്മാനായി ജോലി ചെയ്യുമ്പോഴും ഉള്ളിൽ ആർജെ മോഹം അണയാതെ കിടന്നു. ജോലിയോടൊപ്പം പരിശീലനവും തുടർന്നു. റേഡിയോയിൽ വരുന്ന പ്രോഗ്രാമുകൾ സ്വന്തം ശൈലിയിൽ അവതരിപ്പിച്ച്‌ മൊബൈലിൽ റെക്കോർഡ് ചെയ്യും, കൂട്ടുകാർക്ക് കേൾപ്പിക്കും.

ഒന്നര വർഷങ്ങൾക്ക്‌ ശേഷം തിരിച്ചു വരുമ്പോൾ ഇത്തരത്തിൽ റെക്കോർഡ് ചെയ്ത‌ 800 ലധികം ഓഡിയോ ക്ലിപ്പുകൾ മുസാഫിറിന്റെ ഫോണിൽ ഉണ്ടായിരുന്നു.

സെയിൽസ് ജോലിക്കിടയിലും, യു.എ.ഇയിലും നാട്ടിലും പ്രവർത്തിക്കുന്ന എഫ് എമ്മുകളിലെ റേഡിയോ ജോക്കി ഒഴിവിലേക്ക് നിരന്തരം അപേക്ഷകൾ അയച്ചു.

സ്വന്തമായി ചെയ്ത വർക്കുകൾ സിഡിയിലാക്കിയും റേഡിയോ സ്റ്റേഷനുകൾ കയറിയിറങ്ങി. പലയിടത്തും ഫൈനൽ റൗണ്ട്‌‌ ഇന്റർവ്യൂ വരെ എത്തിയെങ്കിലും തിരഞ്ഞെടുക്കപ്പെട്ടില്ല. ഓരോ തവണയും പരാജയപ്പെടുമ്പോൾ മനസ്സിൽ നിരാശകളുണ്ടായി. എങ്കിലും അടുത്ത ഇന്റർവ്യൂ വരുമ്പോൾ ഉള്ളിലെ ആഗ്രഹം വീണ്ടും എരിഞ്ഞു.

ഒടുവിൽ, തുടർച്ചയായ 8 ഇടങ്ങളിലെ പരാജയങ്ങൾക്ക്‌ ശേഷം 9 ആമത്തെ അവസരത്തിൽ ക്ലബ്‌ എഫ് എമ്മിൽ ആർജെയായി തിരഞ്ഞെടുക്കപ്പെട്ടു.

എന്നാൽ ആഗ്രഹിച്ച ഇടത്തെ യാത്ര അത്ര സുഖകരമായിരുന്നില്ല. ജോലിക്കിടയിൽ വിഷാദം ബാധിച്ച്‌ 6 വർഷത്തോളം മുസാഫിർ ചികിത്സയിലായി. ലോകം മുഴുവൻ ചർച്ച ചെയ്ത എസ്.എം.എ ക്യാംപയിൻ നടക്കുമ്പോൾ പോലും, കടുത്ത Anxiety ക്കും Depression നും മരുന്ന് കഴിക്കുകയായിരുന്നു മുസാഫിർ.

പിന്നീട് വിദഗ്‌ധരുടെ തെറാപ്പിയിലൂടെയാണ്‌ താൻ ജീവിതത്തിലേക്ക് തിരിച്ചെത്തിയതെന്ന് മുസാഫിർ ഇന്ന് സന്തോഷത്തോടെ പറയുന്നു.

ക്ലബ്‌ എഫ് എമ്മിൽ കബഡി കബഡി, പാട്ടു പീഡിയ പ്രോഗ്രാമുകളിലൂടെ കരിയർ തുടങ്ങിയ മുസാഫിർ 5 വർഷത്തിന് ശേഷം റെഡ് എഫ് എമ്മിലേക്ക് ജോലി മാറി.

മികച്ച റേഡിയോ ക്രാഫ്റ്റിനുള്ള പെപ്പർ അവാർഡ്, മികച്ച റേഡിയോ പ്രോഗ്രാമിനുള്ള ദേശീയ പുരസ്‌കാരമായ IRF സിൽവർ അവാർഡ്‌ തുടങ്ങി നിരവധി നേട്ടങ്ങൾ മുസാഫിറിനെ തേടിയെത്തി.

റേഡിയോയിൽ 10 വർഷം പൂർത്തിയാക്കിയ മുസാഫിർ ഇന്ന്, ഇൻഫ്ലുൻസർ, ഷോ ഹോസ്റ്റ്‌, ഇന്റർവ്വ്യൂവർ, വോയ്‌സ്‌ ആർട്ടിസ്റ്റ്‌ എന്നിങ്ങനെ വിവിധ മേഖലകളിൽ അറിയപ്പെടുന്നു‌.

‘ഒരു കഥ സൊല്ലട്ടുമാ’ എന്ന സ്റ്റോറി ടെല്ലിംഗ്‌ പ്രോഗാമിലൂടെ മുസാഫിർ പറയുന്ന കഥകൾക്ക്‌ റെഡ് എഫ്എമ്മിൽ മാത്രമല്ല; സ്പോട്ടിഫൈയിലും സോഷ്യൽ മീഡിയയിലും പ്രേക്ഷകർ നിരവധിയാണ്. ആർജെ മുസാഫിർ എന്ന സോഷ്യൽ മീഡിയ പേജുകളിലൂടെ പങ്കുവയ്ക്കുന്ന ഇൻഫർമേറ്റിവ്, പോസിറ്റീവ്‌ വീഡിയോകളും അങ്ങനെ തന്നെ!

Advertisement