𝗦𝗧𝗢𝗥𝗜𝗘𝗦 𝗧𝗛𝗔𝗧 𝗪𝗜𝗟𝗟 𝗜𝗡𝗦𝗣𝗜𝗥𝗘 𝗬𝗢𝗨

സമ്മാനപ്പൊതിയിലൂടെ സന്തോഷം പകരുന്ന ഗൗരി | Sammanapothi

ജോലി കിട്ടിയില്ലേ എന്ന ചോദ്യങ്ങളിൽ നിന്ന് നൂറുകണക്കിന് ആളുകളുടെ സന്തോഷത്തിന് കാരണമായ സംരംഭകയിലേക്ക്...

എറണാകുളം ആലുവ സ്വദേശിനിയായ ഗൗരി എസ് മൂർക്കന്നൂർ 2017-ൽ എം.കോം പൂർത്തിയാക്കിയ ശേഷം വിവിധ ജോലികൾ ട്രൈ ചെയ്തു എങ്കിലും ഒന്നും പ്രതീക്ഷിച്ച രീതിയിൽ മുന്നോട്ട് പോയില്ല. 2018-ൽ അമ്മയായതോടെ കുടുംബത്തിനും മകൾക്കും മുൻഗണന നൽകി അഞ്ച് വർഷത്തോളം ജോലി ജീവിതത്തിൽ നിന്ന് മാറിനിന്നു.

ഈ കാലയളവിൽ ഓരോ വിശേഷവസരങ്ങളിലും ബന്ധുക്കളിൽ നിന്നും മറ്റുള്ളവരിൽ നിന്നും പലപ്പോഴും “ജോലി കിട്ടിയില്ലേ?” എന്ന ചോദ്യങ്ങൾ നേരിടേണ്ടി വന്നിരുന്നു.അതിനു ഗൗരി മറുപടി നൽകിയത് സ്വന്തം സംരംഭത്തിലൂടെ ആയിരുന്നു.

2024 ഏപ്രിൽ 7-ന് ഇൻസ്റ്റാഗ്രാമിലൂടെ “Sammanapothi” എന്ന സംരംഭത്തിന് തുടക്കമിട്ടു. ഒരു കുടുംബവിശേഷത്തിന് അനിയത്തിക്ക് നൽകിയ ഗിഫ്റ്റ് ഹാംപറാണ് ഈ ബിസിനസ് ആശയത്തിന് പ്രചോദനമായത്. മാതാപിതാക്കളും ഭർത്താവും നൽകിയ ചെറിയ മൂലധനത്തോടെയായിരുന്നു തുടക്കം.

ആദ്യ ഉൽപ്പന്നം വിഷു ഹാംപർ ആയിരുന്നു.സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെ മികച്ച പ്രതികരണമാണ് അതിനു ലഭിച്ചത്. ഓസ്ട്രേലിയയിൽ താമസിക്കുന്ന ഒരാൾ തന്റെ അമ്മയ്ക്കും ഭാര്യാമാതാവിനുമായി ഓർഡർ ചെയ്ത വിഷു ഹാംപറുകൾ നേരിട്ട് എത്തിച്ചു നൽകിയ അനുഭവം ഗൗരിയുടെ സംരംഭക യാത്രയിലെ വലിയ പ്രചോദനമായി.


ഇന്ന് ഗിഫ്റ്റ് ഹാംപറുകൾ, റിട്ടേൺ ഗിഫ്റ്റുകൾ, കോർപ്പറേറ്റ് ഗിഫ്റ്റുകൾ, പേഴ്സണലൈസ്ഡ് ഗിഫ്റ്റുകൾ എന്നിവ ഒരുക്കുന്ന “സമ്മാനപ്പൊതി” നിരവധി കുടുംബങ്ങളുടെയും ആഘോഷങ്ങളുടെയും ഭാഗമാണ്.

ഒരു പിതാവ് ആരോഗ്യപ്രശ്നങ്ങൾ കാരണം പുറത്തുപോകാൻ കഴിയാത്ത സാഹചര്യത്തിൽ മകൾക്കായി പ്രത്യേക സമ്മാനം ഒരുക്കാൻ സഹായിച്ച അനുഭവം ഗൗരിക്ക് ഏറെ ഹൃദയസ്പർശിയായ ഒന്നായിരുന്നു. സമ്മാനങ്ങൾ വെറും ഉൽപ്പന്നങ്ങളല്ല, മറിച്ച് വികാരങ്ങളും ഓർമ്മകളുമാണെന്ന് ആ നിമിഷം കൂടുതൽ ബോധ്യപ്പെടുത്തി.

മറ്റൊരു അഭിമാന നിമിഷം, പഠിച്ച സേക്രഡ് ഹാർട്ട് കോളേജ്, ചാലക്കുടിയിൽ സംരംഭകയായി തിരിച്ചെത്തി അതിഥിയായി സംസാരിക്കാൻ ക്ഷണിച്ചപ്പോഴായിരുന്നു. സ്വന്തം യാത്രയ്ക്ക് അംഗീകാരം ലഭിച്ച ആ നിമിഷം കൂടുതൽ മുന്നോട്ട് പോകാനുള്ള ആത്മവിശ്വാസം നൽകി.

ആദ്യകാലത്ത് ഉപഭോക്താക്കളുടെ വിശ്വാസം നേടുന്നതും ഓർഡറുകൾ കൈകാര്യം ചെയ്യുന്നതും വെല്ലുവിളികളായിരുന്നെങ്കിലും, ക്ഷമയും ആത്മാർത്ഥതയും കൊണ്ട് അതെല്ലാം മറികടക്കാൻ ഗൗരിക്ക് സാധിച്ചു. ഇന്ന് ലഭിക്കുന്ന റിപീറ്റ് ഓർഡറുകളും ഉപഭോക്താക്കളുടെ സന്തോഷകരമായ പ്രതികരണങ്ങളുമാണ് അവരുടെ ഏറ്റവും വലിയ നേട്ടം.

“ആവേശത്തോടെ തുടങ്ങുക, ക്ഷമയോടെ മുന്നോട്ട് പോകുക, സ്ഥിരത കൈവിടാതിരിക്കുക. വിജയം വൈകിയേക്കാം, പക്ഷേ ആത്മാർത്ഥതയും ഉപഭോക്താക്കളോടുള്ള കരുതലും നിങ്ങളെ വിജയത്തിലേക്ക് എത്തിക്കും” എന്നതാണ് പുതിയ സംരംഭകർക്ക് ഗൗരി നൽകുന്ന സന്ദേശം.

Advertisement