മൂന്ന് വിദ്യാർഥികളിൽ നിന്ന് 200ലേറെ കുട്ടികളിലേക്ക്… അധ്യാപനത്തിലൂടെ സ്വന്തം ഇടം കണ്ടെത്തി തിരുവനന്തപുരം കല്ലമ്പലം സ്വദേശിനി സുബിഷ്മ..
സ്കൂൾ കാലത്ത് പോക്കറ്റ് മണി കണ്ടെത്തുന്നതിനായി തുടങ്ങിയ ട്യൂഷൻ ക്ലാസുകളാണ് പിന്നീട് സുബിഷ്മയുടെ ജീവിതത്തിലെ വലിയൊരു വഴിത്തിരിവായി മാറിയത്. കോർപ്പറേറ്റ് മേഖലയിൽ കണ്ടന്റ് റൈറ്ററായി ജോലി ചെയ്തിരുന്നെങ്കിലും, അധ്യാപനത്തോടുള്ള തന്റെ യഥാർഥ പാഷൻ തിരിച്ചറിഞ്ഞതോടെ ആ ജോലി ഉപേക്ഷിച്ച് പുതിയൊരു യാത്രയ്ക്ക് തുടക്കമിടുകയായിരുന്നു.
കോർപ്പറേറ്റ് ജോലിക്കിടെ എച്ച്.ആറുമായുണ്ടായ ഒരു സംഭാഷണമാണ് കരിയറിനെക്കുറിച്ച് ഗൗരവമായി ചിന്തിക്കാൻ സുബിഷ്മയെ പ്രേരിപ്പിച്ചത്. കോർപ്പറേറ്റ് മേഖലയിൽ ജോലി നഷ്ടപ്പെട്ടാൽ എന്ത് ചെയ്യും എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി അന്ന് ഉണ്ടായിരുന്നില്ല. എന്നാൽ മറ്റുള്ള കാര്യങ്ങൾ സംഭവിക്കുന്നതുവരെ കാത്തിരിക്കാതെ, തനിക്ക് യഥാർഥത്തിൽ ഇഷ്ടമുള്ള മേഖലയിലേക്ക് മാറണമെന്ന തീരുമാനത്തിലേക്ക് സുബിഷ്മ എത്തി.
അങ്ങനെയാണ് വെറും മൂന്ന് വിദ്യാർഥികളുമായി ഹോം ട്യൂഷൻ ആരംഭിച്ചത്. വർഷങ്ങളായി ഉള്ള ട്യൂഷൻ സെന്ററുകൾ നാട്ടിൽ ഉണ്ടായിരുന്നെങ്കിലും പ്രത്യേക പരസ്യങ്ങളൊന്നുമില്ലാതെ സുബിഷ്മയുടെ ക്ലാസുകൾ വളർന്നു. വിദ്യാർഥികളുടെ മികച്ച ഫലങ്ങളും രക്ഷിതാക്കളുടെ വിശ്വാസവും വാക്ക്-ഓഫ്-മൗത്ത് പബ്ലിസിറ്റിയും ആണ് ഈ വളർച്ചയ്ക്ക് പിന്നിൽ.
ഇന്ന് സ്കൂൾ തലത്തിൽ തുടങ്ങി 11, 12 ക്ലാസുകളിലെ വിദ്യാർഥികൾ വരെയുള്ള 200ലേറെ കുട്ടികളാണ് 4–5 വ്യത്യസ്ത ബാച്ചുകളിലായി സുബിഷ്മയുടെ കീഴിൽ പഠിക്കുന്നത്. പഠനം കുട്ടികൾക്ക് ആസ്വദിക്കാവുന്ന രീതിയിൽ അവതരിപ്പിക്കുകയെന്നതാണ് അധ്യാപനത്തിലെ പ്രധാന ലക്ഷ്യം. പഠിക്കുന്നുവെന്ന് പോലും തിരിച്ചറിയാതെ ഓരോ വിഷയവും മനസ്സിലാക്കാൻ കഴിയുന്ന തരത്തിൽ ക്ലാസുകൾ രസകരമാക്കാനാണ് ശ്രമമെന്ന് സുബിഷ്മ പറയുന്നു.
സ്വന്തം സംരംഭത്തിന്റെ വളർച്ചയ്ക്കൊപ്പം മറ്റുള്ളവർക്കും അവസരങ്ങൾ ഒരുക്കാൻ കഴിഞ്ഞുവെന്നതും സുബിഷ്മയുടെ യാത്രയിലെ ശ്രദ്ധേയമായ നേട്ടമാണ്. നിലവിൽ വാല്യൂവേഷൻ ഉൾപ്പെടെയുള്ള അക്കാദമിക് ജോലികൾക്കായി നാല് നോൺ-ടീച്ചിംഗ് സ്റ്റാഫുകളുണ്ട്. ബിരുദധാരികൾക്കും ഉപരിപഠനം നടത്തുന്നവർക്കും പി.എസ്.സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കും പാർട്ട് ടൈം അവസരങ്ങളും നൽകുന്നുണ്ട്.
ബയോടെക്നോളജിയിൽ എം.എസ്.സി നേടിയിട്ടുള്ള സുബിഷ്മയുടെ അടുത്ത ലക്ഷ്യം ബയോകെമിസ്ട്രി, മൈക്രോബയോളജി, ജനറ്റിക്സ് തുടങ്ങിയ മേഖലകളിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. ഈ വിഷയങ്ങളിൽ താൽപര്യമുള്ള വിദ്യാർഥികൾക്കായി കൂടുതൽ സ്പെഷ്യലൈസ്ഡ് പഠനാവസരങ്ങൾ ഒരുക്കാനും സുബിഷ്മ ആഗ്രഹിക്കുന്നു.
Advertisement