മക്കൾ ദൂരെയാണെങ്കിലും മാതാപിതാക്കൾ ഒറ്റയ്ക്കാകരുത്! നിവേദ ബാബു തുടങ്ങിയ എൽഡർ കെയർ സ്റ്റാർട്ടപ്പ് ‘Arikil’
കേരളത്തിലുടനീളം വിശ്വസനീയമായ ഒരു എൽഡർ കമ്പാനിയൻഷിപ്പ് നെറ്റ്‌വർക്ക് വളർത്തിയെടുക്കുകയാണ് നിവേദയുടെ ലക്ഷ്യം.
സമൂഹം ചോദിച്ചത് എപ്പോൾ വിവാഹം കഴിക്കും എന്നായിരുന്നു. നിവേദ ബാബു സ്വയം ചോദിച്ചത് മറ്റൊരു ചോദ്യമാണ് — എനിക്ക് എന്താണ് കെട്ടിപ്പടുക്കാൻ കഴിയുക?
29-ാം വയസ്സിൽ വിവാഹവും ജീവിതം സെറ്റിൽ ചെയ്യുന്നതുമൊക്കെയായ ചോദ്യങ്ങൾക്കിടയിൽ സ്വന്തം സംരംഭം കെട്ടിപ്പടുക്കാനുള്ള തീരുമാനമാണ് നിവേദ എടുത്തത്. സമൂഹം നിശ്ചയിക്കുന്ന ലൂപിൽ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതിനുപകരം, തനിക്ക് അർത്ഥവത്തായി തോന്നുന്ന ഒരു ആശയത്തിന് പിന്നാലെ പോകാനാണ് നിവേദ തീരുമാനിച്ചത്.
കുടുംബത്തിൽ നിന്ന് അകന്ന് വിദേശത്ത് ജോലി ചെയ്യുന്ന നിരവധി മലയാളികളുണ്ട്. സ്വന്തം കരിയറും ജീവിതവും കെട്ടിപ്പടുക്കുന്നതിനിടയിൽ, നാട്ടിൽ പ്രായമാകുന്ന മാതാപിതാക്കൾ അനുഭവിക്കുന്ന ഏകാന്തത പലപ്പോഴും അവരുടെ മനസ്സിനെ അലട്ടുന്ന ഒന്നാണ്. ഈ യാഥാർഥ്യത്തിൽ നിന്നാണ്നിവേദ ബാബു ഒരു സംരംഭത്തിന്റെ സാധ്യത കണ്ടെത്തിയത്. അങ്ങനെയാണ് ‘Arikil എന്ന Eldercare & Companionship’ എന്ന സംരംഭത്തിന് തുടക്കമായത്.
കമ്പ്യൂട്ടർ സയൻസ് എൻജിനീയറായ നിവേദ ഏകദേശം അഞ്ച് വർഷത്തോളം വിദേശത്ത് ജോലി ചെയ്തിരുന്നു. ആ കാലയളവിൽ സ്വന്തം കുടുംബജീവിതത്തിൽ ദൂരം സൃഷ്ടിക്കുന്ന മാറ്റങ്ങൾ അടുത്തറിഞ്ഞു. മക്കൾ വിദേശത്തും മറ്റ് നഗരങ്ങളിലും ജോലി ചെയ്ത് ജീവിതം മുന്നോട്ട് കൊണ്ടുപോകുമ്പോൾ, നാട്ടിൽ പ്രായമായ മാതാപിതാക്കൾക്ക് പലപ്പോഴും ആവശ്യമായ കൂട്ടും പരിചരണവും ലഭിക്കാതെ വരുന്നു. നാട്ടിൽ തിരിച്ചെത്തിയപ്പോൾ ഈ പ്രശ്നത്തിന് പ്രായോഗികമായ ഒരു പരിഹാരം കണ്ടെത്തണമെന്ന ചിന്തയാണ് നിവേദയെ സംരംഭകത്വത്തിലേക്ക് നയിച്ചത്.സ്വന്തം മാതാപിതാക്കളോടും മുത്തശ്ശൻമാരോടുമുള്ള സ്നേഹത്തിൽ നിന്നാണ് അരികിലിന്റെ ആശയം കൂടുതൽ ശക്തമായതെന്നും നിവേദ പറയുന്നു
പ്രായമായവർക്ക് മരുന്നും ചികിത്സയും മാത്രം പോരാ, സംസാരിക്കാൻ ഒരാൾ, കൂടെ നടക്കാൻ ഒരാൾ, വിശേഷങ്ങൾ പങ്കുവയ്ക്കാൻ ഒരാൾ — പലപ്പോഴും അവർക്ക് ഏറ്റവും ആവശ്യം ഈ സാന്നിധ്യമാണ്.
പ്രായമായവർക്ക് ഒരു കമ്പനി നൽകുക, അവരോടൊപ്പം നടക്കുക, വിനോദങ്ങളിലും സാമൂഹിക പ്രവർത്തനങ്ങളിലും പങ്കുചേരുക, ആശുപത്രി അപ്പോയിന്റ്മെന്റുകളിൽ അസിസ്റ്റ് ചെയ്യുക, ടെക്നോളജി ഉപയോഗിക്കാൻ സഹായിക്കുക തുടങ്ങിയ സേവനങ്ങളാണ് Arikil നൽകുന്നത്.
നിലവിൽ പാലക്കാടും തൃശ്ശൂരും പ്രവർത്തിക്കുന്ന Arikil , മുതിർന്നവരോടൊപ്പം സമയം ചെലവഴിക്കാനും അവരെ സപ്പോർട്ട് ചെയ്യാനും ആഗ്രഹിക്കുന്നവർക്ക് പാർട്ട് ടൈം തൊഴിലവസരങ്ങളും സൃഷ്ടിക്കുന്നു..മക്കൾക്ക് അടുത്തെത്താൻ കഴിയാത്ത സാഹചര്യങ്ങളിൽ മാതാപിതാക്കൾക്ക് കരുതലോടെയുള്ള ഒരു സാന്നിധ്യം നൽകുന്നതിനൊപ്പം, കുടുംബങ്ങൾക്ക് ആശ്വാസവും ആത്മവിശ്വാസവും ഉറപ്പാക്കാനാണ് നിവേദയുടെ ശ്രമം.
Advertisement