𝗦𝗧𝗢𝗥𝗜𝗘𝗦 𝗧𝗛𝗔𝗧 𝗪𝗜𝗟𝗟 𝗜𝗡𝗦𝗣𝗜𝗥𝗘 𝗬𝗢𝗨

റോഡരികിലെ ചെറിയൊരു തുടക്കം;ഇന്ന് സ്വന്തം ഫ്ലവർ സ്റ്റോറിലേക്ക്! 🌸| ithal Flower Store

കാസർഗോഡ് സ്വദേശികളായ രണ്ട് സഹോദരങ്ങൾ കൊച്ചിയിൽ തുടങ്ങിയ സംരംഭകയാത്ര; ഇതൾ ഫ്ലവർ സ്റ്റോറിയുടെ കഥ

കാസർഗോഡ് നിന്ന് കൊച്ചിയിലേക്ക് പഠിക്കാനെത്തി ബ്രിട്ടോ ഒപ്പം സഹോദരൻ ക്രിസ്റ്റിയും ചേർന്ന് ഇന്ന് പൂക്കളിലൂടെ ആളുകളുടെ ജീവിതത്തിൽ സന്തോഷം പകരുകയാണ്..അതാണ് Ithal Flower Store-ന്റെ കഥ.

രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസിൽ നിന്ന് Bachelor’s in Social Work പൂർത്തിയാക്കിയ ബ്രിട്ടോയ്ക്ക് പൂക്കളോടും ഫ്ലവർ ബൊക്കെയുകളോടും പ്രത്യേക താൽപര്യം ഉണ്ടായിരുന്നു.ഒരു ദിവസത്തെ ഫ്ലവർ ബൊക്കെ വർക്ക്ഷോപ്പിൽ പങ്കെടുത്തതിൽ നിന്നാണ് ഈ ആശയത്തിലേക്കുള്ള യാത്ര തുടങ്ങുന്നത്.

വലിയ നിക്ഷേപമോ സ്വന്തമായി ഒരു കടയോ ഒന്നും തുടക്കത്തിലുണ്ടായിരുന്നില്ല. നെടുമ്പാശ്ശേരി എയർപോർട്ട് റോഡിൽ ഒരു ചെറിയ സ്റ്റാൻഡ് ഒരുക്കി, വൈകുന്നേരം മുതൽ പുലർച്ചെ ഒന്ന്, രണ്ട്, ചിലപ്പോൾ മൂന്ന് മണി വരെ നിന്നായിരുന്നു ബ്രിട്ടോയുടെ ആദ്യകാല ബിസിനസ്.എന്നാൽ തുടക്കം അത്ര എളുപ്പമായിരുന്നില്ല. എയർപോർട്ട് റോഡിലെ നിയന്ത്രണങ്ങളും കനത്ത മഴയും ഇടയ്ക്കിടെ സ്ഥലം മാറ്റേണ്ടി വന്നതുമെല്ലാം വലിയ വെല്ലുവിളികളായിരുന്നു.

റോഡരികിൽ നിന്ന് പൂക്കൾ വിൽക്കുന്ന ചെറുപ്പക്കാരനെ കണ്ട ചില ഇൻഫ്ലുവൻസർമാർ സൗജന്യമായി സോഷ്യൽ മീഡിയയിൽ പരിചയപ്പെടുത്തി. അതോടെ അന്വേഷണങ്ങളും പ്രീ-ഓർഡറുകളും വർധിച്ചു.ആളുകളിൽ നിന്ന് ലഭിച്ച പിന്തുണയും പോസിറ്റീവ് പ്രതികരണങ്ങളും സ്വന്തം കട തുടങ്ങാനുള്ള ആത്മവിശ്വാസം നൽകി.

ദുബായിൽ ജോലി ചെയ്തിരുന്ന സഹോദരൻ ക്രിസ്റ്റിക്ക് യുദ്ധസാഹചര്യങ്ങളെത്തുടർന്ന് ജോലി നഷ്ടമായി. ആ പ്രതിസന്ധിക്കിടയിലും തന്റെ സമ്പാദ്യം സഹോദരന്റെ സ്വപ്നത്തിനായി മാറ്റിവെച്ചു. ബിസിനസ് തുടങ്ങാനും അത് മുന്നോട്ടുകൊണ്ടുപോകാനും ബ്രിട്ടോയ്ക്കൊപ്പം ക്രിസ്റ്റിയും കൈകോർത്തു.എയർപോർട്ടിന് സമീപം തന്നെ ഒരു കട ആരംഭിച്ചതോടെ ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ എത്തിച്ചേരാവുന്ന ഒരു സ്ഥിരം വിലാസവും ലഭിച്ചു.

2026 ജൂണിൽ ആരംഭിച്ച Ithal Flower Store ഇന്ന് എയർപോർട്ട് അറൈവൽ ബൊക്കേകൾ, 24 മണിക്കൂർ ഫ്ലവർ സർവീസ്, എയർപോർട്ട് ബൊക്കെ ഡെലിവറി, ബർത്ത്‌ഡേ ബൊക്കേകൾ, ഫ്ലോറൽ അറേഞ്ച്മെന്റുകൾ, എറണാകുളം ജില്ലയിൽ പ്രതിമാസ ഫ്ലവർ സബ്സ്ക്രിപ്ഷൻ പ്ലാനുകൾ, വിവിധ ഗിഫ്റ്റ് ഓപ്ഷനുകൾ എന്നിവയിലൂടെ ഉപഭോക്താക്കളിലേക്ക് എത്തുകയാണ്.

ആളുകളെ സന്തോഷിപ്പിക്കുന്ന ഒരു സംരംഭം തുടങ്ങണം എന്ന ആഗ്രഹമാണ് ഇവരെ പൂക്കളുടെ ലോകത്തേക്ക് എത്തിച്ചത്. ഒരാൾക്ക് പൂക്കൾ സമ്മാനമായി നൽകുന്നതും അത് സ്വീകരിക്കുന്നയാളുടെ മുഖത്ത് വിരിയുന്ന പുഞ്ചിരിയും തന്നെയാണ് ഈ സഹോദരങ്ങളുടെ ഏറ്റവും വലിയ നേട്ടം.നല്ല കസ്റ്റമർ റിവ്യൂകളും ആളുകളിൽ നിന്ന് ലഭിക്കുന്ന സ്നേഹവും പിന്തുണയുമാണ് മുന്നോട്ടുള്ള യാത്രയിലെ പ്രചോദനം.

Advertisement